Drinking Habbit In Kerala

മദ്യപിക്കാനറിയാത്തവരാണ് മലയാളികള്‍; കുടിയും ഒരു കലയാണ്‌…. തിരക്കുള്ള ആളാണ് മലയാളി. തിരക്കില്ലാത്ത തീവണ്ടിയിൽ പോലും ഇടിച്ചേകയറു. അടച്ചിട്ട റെയിൽവെ ഗേറ്റിന് അപ്പുറത്തും ഇപ്പുറത്തും വരിവരിയായി വാഹനം നിർത്താൻ മലയാളിക്കറിയില്ല. തിരക്കല്ലേ തിരക്ക്. ഗ്യാപ് എവിടെയെങ്കിലും കണ്ടാൽ മതി, അവിടേക്ക് വാഹനം ഇടിച്ചു കയറ്റും. ബൈക്ക് കടത്താൻ കഴിയുന്നിടത്ത് ലോറികയറ്റാൻ നോക്കും. ഒരു മിനിറ്റ് കാത്തുനിൽക്കാൻ വയ്യ. എന്നിട്ട് തിക്കിത്തിരക്കിട്രാഫിക് ജാമുണ്ടാക്കി അരമണിക്കുർ പാഴാക്കുന്നതിന് ഒരു വിരോധവുമില്ല. കടയിൽ, ആസ്പത്രിയിൽ, സിനിമാഹാളിൽ, റോഡിൽ, കല്യാണസദ്യയിൽ. എവിടെയും ആദ്യത്തെയാളാകാൻ വെകിളി […]

മദ്യപിക്കാനറിയാത്തവരാണ് മലയാളികള്‍; കുടിയും ഒരു കലയാണ്‌….

തിരക്കുള്ള ആളാണ് മലയാളി. തിരക്കില്ലാത്ത തീവണ്ടിയിൽ പോലും ഇടിച്ചേകയറു. അടച്ചിട്ട റെയിൽവെ ഗേറ്റിന് അപ്പുറത്തും ഇപ്പുറത്തും വരിവരിയായി വാഹനം നിർത്താൻ മലയാളിക്കറിയില്ല. തിരക്കല്ലേ തിരക്ക്. ഗ്യാപ് എവിടെയെങ്കിലും കണ്ടാൽ മതി, അവിടേക്ക് വാഹനം ഇടിച്ചു കയറ്റും. ബൈക്ക് കടത്താൻ കഴിയുന്നിടത്ത് ലോറികയറ്റാൻ നോക്കും. ഒരു മിനിറ്റ് കാത്തുനിൽക്കാൻ വയ്യ. എന്നിട്ട് തിക്കിത്തിരക്കിട്രാഫിക് ജാമുണ്ടാക്കി അരമണിക്കുർ പാഴാക്കുന്നതിന് ഒരു വിരോധവുമില്ല. കടയിൽ, ആസ്പത്രിയിൽ, സിനിമാഹാളിൽ, റോഡിൽ, കല്യാണസദ്യയിൽ. എവിടെയും ആദ്യത്തെയാളാകാൻ വെകിളി പിടിച്ചോടുന്ന മലയാളി എന്തിന് മദ്യത്തിന്റെ കാര്യത്തിൽ പിന്നാക്കം പോകണം. എത്രയും സ്പീഡിൽ മദ്യം കഴിക്കുന്നവൻ ആരാ. അവനാണ് മലയാളി.

കഴിക്കലല്ല, തീർക്കൽ

മദ്യം കഴിക്കാനല്ല, അത് തീർക്കാനാണ് മലയാളിക്ക് കൂടുതൽ താത്പര്യം. മദ്യം കണ്ടാൽ ഒരുതരം വെപ്രാളമാണ്. കാലങ്ങളായി പട്ടിണി കിടന്നവന്റെ മുന്നിൽ പെട്ടെന്ന് ഭക്ഷണം എത്തിയതു മാതിരി. അംഗങ്ങളുടെ എണ്ണമനുസരിച്ച ഗ്ലാസുകളിൽ ഒരാൾ മദ്യം പകരും. കൃത്യമായ ഒരു അളവ് പാലിച്ചുകൊണ്ടല്ല ഈ ഒഴിച്ചുകൊടുപ്പ്. ഒരു പെഗ് എന്ന സങ്കൽപം വെച്ചാണ് മദ്യം ഗ്ലാസിലേക്കൊഴിക്കുന്നത്. എന്നാൽ മിക്കവാറും ഇത് ഒന്നരയുണ്ടാവും. തുടക്കത്തിൽ തന്നെ കുടിയൻ മലയാളിക്ക് കണക്ക് പിഴയ്ക്കുന്നു.

വലിച്ചാണ് മലയാളി മദ്യം കുടിക്കുക. നാരങ്ങാവെള്ളമോ സംഭാരമോ കുടിക്കും പോലെഒരു പെഗ്ഗിൽ ഐസ് ക്യൂബുകൾ ഇട്ട് സിപ് ചെയ്ത് കുടിക്കുന്ന താണ് യൂറോപ്യൻ സ്റ്റൈൽ, മണിക്കുറുകൾ എടുത്താവും അത് തീർക്കുക. ഇതാണ് ആരോഗ്യകരമായ കുടി. എന്നാൽ മലയാളിയെ നോക്കിക്കോളു. മദ്യത്തിനു മേലേക്ക് സോഡയോ വെള്ളമോ ഒഴിച്ച ഗ്ലാസ് നിറയ്ക്കും.സെറ്റപ്പിലിരുന്ന് മദ്യപിക്കുകയാണെങ്കിൽ മിനറൽ വാട്ടർ ഒഴിക്കും. ബ്രാൻഡഡ് സോഡയും. ഒളിഞ്ഞിരുന്നുള്ള അടിയാണെങ്കിൽ ഒന്നുകിൽ അടുത്തുള്ള തോട്ടിലെയോ അല്ലെങ്കിൽ പുഴയിലേയോ വെള്ളം തരം പോലെ ചേർക്കും. മിക്കവാറും ഈ വെള്ളം മലിനമായിരിക്കും. ഇതെങ്ങാനും ആരെങ്കിലും സൂചിപ്പിച്ചാൽ പുച്ഛത്തിലുള്ള ഒരു ചിരിയുണ്ട്. ഐഡിയൽ മലയാളിയിൽ നിന്നും വരാൻ- പി ന്നേയ്ക്ക്. സ്പിരിറ്റിലല്ലേ ബാക്ടീരിയ ജീവിക്കുന്നത്. ചുമ്മാ ചെലയ്ക്കാതളിയാ.

വീതം വെപ്പിൽ സോഷ്യലിസം.

ഒറ്റവലിക്ക് ആദ്യപെഗ് അകത്താക്കും. മേശപ്പുറത്തേക്ക് തിരിച്ചെത്തുന്ന ഗ്ലാസ് നിമിഷ നേരം കൊണ്ട് വീണ്ടും നിറയുന്നു. അതിനകം ആദ്യപെഗ് തീർക്കാത്തവന്റെ നേർക്ക് എന്തോന്നെടെ ഒരു ഗ്ലാസും വെച്ച് കളിക്കുന്നത്. അതങ്ങ് തീർക്ക് എന്നാവും ആജ്ഞ. മദ്യം വിളമ്പുന്നതിൽ മലയാളി ചതിക്കില്ല.

ഒരാൾക്ക് കൂടുതൽ പെഗുകളും മറ്റൊരാൾക്ക് കുറവ് എണ്ണവും- അത് സമ്മതിക്കില്ല. സോഷ്യലിസ്റ്റ് രീതിയിൽ മാത്രമേ വീതം വെപ്പുള്ളൂ. എല്ലാവർക്കും തുല്യം പെഗ്. അതാണ് അലിഖിത നിയമം. രണ്ടാമത്തെ പെഗ് കഴിഞ്ഞാൽ പിന്നെ തിരക്കായി. ഗ്ലാസുകൾ നിറയാനും ഒഴിയാനും നിമിഷങ്ങൾ മതി. ഇതോടൊപ്പം ഭക്ഷണവും തീർന്നുകൊണ്ടിരിക്കും.

രണ്ടാം പെഗ് കാലിയാക്കുമ്പോഴേക്കും കിക്ക് കയറിത്തുടങ്ങിയിട്ടുണ്ടാവും. എന്നാൽ മതിയാക്കിക്കളയാമെന്ന് വിചാരിക്കുകയുമില്ല. തീരാത്ത കുപ്പിയിലേക്കാവും നോട്ടം. ഇതു തീർക്കാതെങ്ങനെ…എന്ന ചോദ്യം ഉയരും. മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റി വെക്കാനാവില്ല. അന്ന് കിട്ടുന്ന കുപ്പി അപ്പോൾ എന്തുചെയ്യും? അതുകൊണ്ട് ഇത് തീർത്തിട്ടേ പോകൂ.

മദ്യത്തെക്കുറിച്ച് ഏതാണ്ടെല്ലാമറിയാം എന്നാണ് മലയാളിയുടെ വിചാരം. എന്നാൽ കുടിക്കാൻ അറിയില്ല എന്നതിനു പുറമെ മദ്യം എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒന്നുമറിയാത്തയാളാണ് മലയാളി. ഓരോ മദ്യത്തിലും അടങ്ങിയിട്ടുള്ള ആൽക്കഹോളിന്റെ അളവ് അറിഞ്ഞിരുന്നാൽ ആ മദ്യം എത്രത്തോളം കിക്ക് ഉണ്ടാക്കും എന്ന് അറിയാൻ കഴിയും. എന്നാൽ മദ്യം വാങ്ങുമ്പോൾ ഇതൊന്നും നോക്കുകയില്ല.സൗജന്യമാണെങ്കിൽ പറയുകയും വേണ്ട. അപരിചിത ബ്രാൻഡ് ആണെങ്കിലും വാങ്ങും. ആൽക്കഹോളിന്റെ അളവാണ് മദ്യത്തിന്റെ വീര്യം നിശ്ചയിക്കുന്നത്. അതറിഞ്ഞുവേണം കഴിക്കാൻ. ആൽക്കഹോൾ കണ്ടമാനം ഉണ്ടെങ്കിൽ അധികം പെഗ് ആപത്കരമാകും. വിസ്കി പോലുള്ള മദ്യം വളരെ പതുക്കെയേ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടൂ. രണ്ടും മൂന്നും അടിച്ചിട്ടും ഫിറ്റൊന്നുമാവാത്ത മലയാളി തന്റെകപ്പാസിറ്റിയിൽ അഹങ്കരിച്ച് വീണ്ടും വീണ്ടും കഴിക്കും. പിന്നെ പൊടുന്നനെയാവും മലയാളിയുടെ അഹങ്കാരം ശമിപ്പിച്ചുകൊണ്ട് അതിന്റെ ഉറഞ്ഞുതുള്ളൽ.

കുടി ഛർദിക്കാൻ മാത്രം

സമാധാനമായി എന്നു വിചാരിക്കരുത്. വലിച്ചുകുടിച്ചതും വാരിത്തിന്നതും വയറ്റിൽ കിടന്ന് കത്താൻ തുടങ്ങിയിട്ടുണ്ടാവും. തലയ്ക്ക് പെരുപ്പം വന്ന് സംസാരം കുഴയുന്ന മലയാളി ചുറ്റും കണ്ണോടിക്കും. ബാത്റും തേടിയുള്ള ദൈന്യം നിറഞ്ഞ ആ നോട്ടം കാണുന്ന പുസാവാത്ത ഒരാൾ അയാളെ ലക്ഷ്യസ്ഥാനത്തെത്തിക്കും. പിന്നെ ഛർദി തുടങ്ങും. കുടിയന്മാരുടെ നിഘണ്ടുവിൽ ഇതിന് വാളുവെക്കൽ എന്നാണ് പറയുക.

ഒന്നും രണ്ടും തവണയായിരിക്കില്ല. പലതവണ പലരീതിയിൽ വാളുവെക്കൽ നീളും. ചിലർക്ക് ഓക്കാനിക്കാൻ തന്നെ ഏറെ സമയം വേണം. ഛർദിക്കുമ്പോൾ ബാത്റുമിലെ ടാപ് തന്നെ തുറന്നുവെക്കണം. അതിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടാൽ നന്നായി ഛർദിക്കാൻ കഴിയുമത്രേ. ഛർദിക്കാൻ വേണ്ടി മാത്രമാണോ മലയാളി മദ്യപിക്കുന്നത്?

കുടിയിലെ കല

മദ്യം കഴിക്കുന്നത് ഒരു കലയാണ്. ഒരു പെഗ് ഒഴിച്ച് അതിൽ ഐസ് ക്യൂബുകളിട്ട് പതുക്കെ പതുക്കെ സിപ് ചെയ്തതാണ് കുടിക്കേണ്ടത്. ശരീരത്തിലെത്തുന്ന ആൽക്കഹോളിനെ കത്തിച്ചുകളയുന്നത് കരളാണ്. എന്നാൽ ഒരു പാട് അളവിലുള്ള മദ്യത്തെ ഒന്നിച്ചു ദഹിപ്പിക്കാൻ കരളിനാവില്ല. കരളിനു താങ്ങാവുന്ന മദ്യത്തിന്റെ അളവിന് ഒരു പരിധിയുണ്ട്.
കൂടുതലായി വരുന്ന മദ്യം രക്തത്തിലൂടെ ചുറ്റി സഞ്ചരിച്ച ഹാങ്ങ് ഓവർ ഉണ്ടാക്കുന്നു. കരളിന് താങ്ങാവുന്ന രീതിയിൽ സമയമെടുത്ത് അൽപാൽപമായി മാത്രമേ മദ്യം കഴിക്കാവു. യൂറോപ്യന്മാരാണ് മദ്യം കഴിക്കുന്ന ഈ കല വികസിപ്പി ച്ചെടുത്തത്. എന്നാൽ മലയാളി ഒരു ഗ്ലാസ് മദ്യം ഒറ്റയടിക്ക് വലിച്ചുകുടിക്കുന്നു. വലിച്ചുകുടിയുടെ ഒരു പ്രധാന പ്രശ്നം അത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മദ്യത്തെ അകത്തെത്തിക്കുന്നു എന്നതാണ്.മദ്യത്തോടുള്ള സാമൂഹികമായ അയിത്തം മലയാളിയുടെ മനസ്സിനെ എ ല്ലായ്പ്പോഴും അലട്ടുന്നുണ്ട്. മദ്യപാനത്തിന് സാമൂഹികമായ അംഗീകാരം ഇല്ല. വീട്ടിലിരുന്ന് കഴിക്കാനും കൂട്ടുകാരോടൊപ്പമിരുന്ന് കഴിക്കാനും വിലക്കുകളുണ്ട്. കാലങ്ങളായി തുടരുന്ന ഈ സാമൂഹിക ചുറ്റുപാട് ഒളിഞ്ഞിരുന്ന മദ്യം കഴിക്കാൻ മലയാളിയെ മനശ്ശാസ്ത്രപരമായി ഒരുക്കി. ഒളിഞ്ഞിരുന്നു ചെയ്യുന്ന പ്രവൃത്തികൾ എളുപ്പത്തിൽ തീർക്കാനാണ് ശ്രമിക്കുക. അത് മദ്യത്തിന്റെ കാര്യത്തിലും പിന്തുടരുന്നു.

മദ്യം കഴിക്കാൻ എട്ട് കൽപനകൾ

1 മദ്യം വിഷമാണ്. അതൊഴിവാക്കണം. പക്ഷേ, മദ്യം കഴിക്കാതിരിക്കാൻ വയ്യാത്തവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
മദ്യം ചിന്തിച്ച് പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഇല്ലാതാക്കും. അതിനാൽ മദ്യപാനത്തിനു മുമ്പ് സുരക്ഷിതമായ ഒരിടം കണ്ടെത്തണം. അവിടെയിരുന്നേ മദ്യപിക്കാവു. അത് വീടോ ബാറോ ആവാം.

2 ആൽക്കഹോളിന്റെ അംശം കുറവുള്ള മദ്യമാണ് തിരഞെടുക്കേണ്ടത്. മദ്യം എൻജോയ്ക്ക് ചെയ്യാനുള്ളതാണെന്ന ധാരണയിലാവണം ഇത്.

3 ഒരു പെഗ് മദ്യം തീർക്കാൻ കുറഞ്ഞത് അര മണിക്കുറെങ്കി ലും എടുക്കണം.സിപ്ചെയ്തേ കുടിക്കാവു.വെറുതെയിരുന്ന്മദ്യം കഴിക്കരുത്. വീട്ടിലാണെങ്കിൽ പുസ്തകവായനയെക്കാപ്പമാകാം. അല്ലെങ്കിൽ എഴുത്തിനൊപ്പമാകാം. മദ്യം കുടിക്കാനായി മാത്രം ഇരിക്കുമ്പോഴാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കഴിക്കേണ്ടിവരുന്നത്.കൂട്ടുകാരോടൊപ്പമിരുന്നാണ് മദ്യപാനമെങ്കിൽ കഴിക്കാവുന്ന അളവിനെക്കുറിച്ച് നിങ്ങൾ ഒരു തീരുമാനമെടുത്തിരിക്കണം. അതിനപ്പുറത്തേക്ക് പോകരുത്. കൂട്ടുകാർ നിർബന്ധിക്കാം. അവരോടൊപ്പം ചിരിയിലും സംസാരത്തിലും പങ്കു ചേരുക. കൂടുതൽ കഴിച്ചതായി ഭാവിക്കുക.

4. കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ പാനീയങ്ങൾ മദ്യത്തോടൊപ്പം കലർത്തരുത്. അതിനാൽ സോഡ, ശീതള പാനീയങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഐസ് ക്യൂബുകൾ ഇടാം. വെറും വയറ്റിൽ മദ്യം കുടിക്കരുത്. ഇത് മദ്യം പെട്ടെന്ന് ആഗിരണം ചെയ്യുന്നതിനും ആമാശയഭിത്തിക്ക് കേട് വരുത്തുന്നതിനും കാരണമാവും.

5. ഒറ്റയിരിപ്പിൽ കുടിച്ചു തീർക്കരുത്. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. മദ്യപാനത്തിന് അടിമയാകാതിരിക്കാൻ ഇത് നല്ലതാണ്.

6. മദ്യത്തോടൊപ്പം പുകവലിക്കരുത്. അത് നിങ്ങളെ രോഗിയാക്കും. മദ്യം കഴിച്ച മണിക്കുറുകൾ കഴിഞ്ഞും ഹാങ്ങ് ഓവർ മാറിയിട്ടില്ലെങ്കിൽ അതിന് ഇനിപ്പറയുന്ന കാരണങ്ങളാകാം. ബ്രാൻഡ് മാറിക്കഴിക്കുക, മദ്യത്തോടൊപ്പം പുക വലിച്ചിട്ടുണ്ടാവുക അല്ലെങ്കിൽ ബ്രാൻഡുകൾ കൂട്ടിക്കലർത്തി കഴിച്ചിരിക്കാം.

7 ഭക്ഷണം ചിലപ്പോൾ മദ്യപാനത്തേക്കാൾ ഹാനികരമാകും. മദ്യത്തിൽ സോഡ,കോളകൾ എന്നിവ ചേർക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. പ്രോട്ടീനും നാരും അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ് മദ്യത്തോടൊപ്പം കഴിക്കേണ്ടത്. മുട്ടയാണ് നല്ലത്. മത്സ്യം കറിവെച്ചത് കഴിക്കാം. വറുത്തത് പാടില്ല. അതേപോലെ കോഴിയിറച്ചിക്കറികഴിക്കാം. പൊറോട്ടയുംബീഫും മലയാളിയുടെ പ്രിയഭക്ഷണമാണ്. എന്നാൽ മദ്യത്തോടൊപ്പം ഇവ ഒരിക്കലും പാടില്ല.

8 ധാരാളം വെള്ളം കുടിക്കുക. മദ്യം ശരീരത്തിലെ ജലാംശത്തെയും വൈറ്റമിനുകളെയും വലിച്ചെടുക്കും. വെള്ളം കുടിച്ച ഇത് തടയണം. മദ്യപിച്ചുവെന്ന തോന്നലുണ്ടാവുമ്പോൾ ഉടനെ മദ്യപാനം നിർത്തണം. ഒടുവിലായി ഏറ്റവും പ്രധാനമായ കാര്യം- മദ്യപിച്ച വണ്ടി ഓടി ക്കരുത്. ബാറിലാണെങ്കിൽ ഒരു കാർ ഡ്രൈവറുടെ സഹായം തേടുന്നതിന് മടിക്കേണ്ട. അല്ലെങ്കിൽ സുഹ്യത്തിനെ വിളിച്ചു വരുത്തുക.

കൊല്ലുന്ന ടെച്ചെിങ്സ്

ശരീരത്തിലെത്തുന്ന മദ്യത്തെ സമയബന്ധിതമായി ദഹിപ്പിക്കുന്ന പ്രകിയയെ സഹായിക്കലാണ് മദ്യത്തോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രധാന ധർമം. മദ്യത്തോടൊപ്പം നിയന്ത്രിതമായേ ഭക്ഷണം കഴിക്കാവു. അമിതഭക്ഷണം വിപരീതഫലം ഉ ണ്ടാക്കും. മദ്യം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ചെറുകുടലിൽ വെച്ചാണ്. ഭക്ഷണം ആദ്യമെത്തുന്നത് ആമാശയത്തിലും. ഭക്ഷണം കൊണ്ട് ആമാശയം നിറയുമ്പോൾ അത് ചെറുകു ടലിലേക്കുള്ള മദ്യത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.ആമാശയത്തിൽ മദ്യത്തിൽ കുതിർന്നുകിടക്കുന്ന ഈ ഭക്ഷണം മദ്യം അവിടെ തന്നെ കെട്ടിക്കിടക്കുന്നതിന് ഇടയാക്കുന്നു. ഈ ഭക്ഷണം മദ്യത്തോ ടാപ്പം കഴിക്കുന്നവരുടെ ഹാങ് ഓവർ തീരാൻ ആറുമണിക്കുറെങ്കിലും എടുക്കുന്നു.എണ്ണയിൽ വറുത്തെടുത്ത ബേക്കറി ഇനങ്ങളായ മിക്സചർ, ചിപ്സ് എന്നിവ തീർത്തും ഒഴിവാക്കേണ്ട വസ്തുക്കളാണ്. മദ്യത്തോടൊപ്പമല്ലാത്തപ്പോൾ പോലും അപകടകാരികളാണ് ഈ ഇനങ്ങൾ.വേവിക്കാത്ത പച്ചക്കറികളാണ് മദ്യത്തോടൊപ്പം കഴിക്കാൻ പറ്റിയ ശരിയായ ഭക്ഷണം. ഇലകൾ അത്യുത്തമം.

(മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)